01:43am 16 August 2026
NEWS
ബ്രൂണയ് സുൽത്താന്റെ മരുമകളുടെ രാജകീയ പദവി നീക്കിയതിൽ ദുരൂഹത
15/08/2026  07:32 PM IST
nila
ബ്രൂണയ് സുൽത്താന്റെ മരുമകളുടെ രാജകീയ പദവി നീക്കിയതിൽ ദുരൂഹത

കാൻബറ: രാജകുടുംബത്തിൽ അപ്രതീക്ഷിത നടപടി. ബ്രൂണയ് സുൽത്താൻ ഹസ്സനാൽ ബോൾക്കി മരുമകൾ പെൻഗിറാൻ റാബിയാത്തുൽ അദാവിയ്യയുടെ രാജകീയ പദവി നീക്കി. രാജകുടുംബാംഗത്തിന്റെ ഭാര്യ എന്ന നിലയിൽ അനുചിതമായ പെരുമാറ്റം നടത്തിയെന്നും ബഹുമാനക്കുറവ് കാട്ടിയെന്നും ആരോപിച്ചാണ് നടപടി.

ഓഗസ്റ്റ് എട്ടിന് പുറത്തിറക്കിയ രാജകീയ ഉത്തരവാണ് ഇതിന് പിന്നിൽ. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വന്നതായി ബ്രൂണയ് ഗ്രാൻഡ് ചേംബർലെയ്ൻ ഓഫിസ് അറിയിച്ചു. എന്നാൽ റാബിയാത്തുൽ അദാവിയ്യയുടെ ഭാഗത്തുനിന്നുണ്ടായെന്ന് പറയുന്ന പ്രത്യേക പെരുമാറ്റം എന്താണെന്ന് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

സുൽത്താന്റെ രണ്ടാമത്തെ മകനും സിംഹാസനാവകാശത്തിൽ നാലാം സ്ഥാനത്തുള്ള അബ്ദുൽ മാലിക്ക് രാജകുമാരന്റെ ഭാര്യയാണ് റാബിയാത്തുൽ അദാവിയ്യ. 2015ലാണ് ഇരുവരും വിവാഹിതരായത്. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പത്ത് ദിവസം നീണ്ട ആഘോഷങ്ങളോടെയായിരുന്നു വിവാഹം.

ദമ്പതികൾക്ക് മുതീഅ, ഫാത്തിയ്യ, ഖാലിഷ, നബീല എന്നീ നാല് പെൺമക്കളുണ്ട്. അമ്മയുടെ രാജകീയ പദവി നീക്കം ചെയ്തെങ്കിലും കുട്ടികളുടെ പദവിക്ക് ഇതിന്റെ ഭാഗമായി മാറ്റമുണ്ടാകില്ല.

ബ്രൂണയ് രാജകുടുംബത്തിൽ പദവി നീക്കം ചെയ്യുന്നത് പുതിയ സംഭവമല്ല. 2003ൽ രണ്ടാം ഭാര്യ മറിയം അബ്ദുൾ അസീസുമായുള്ള വിവാഹമോചനത്തിന് പിന്നാലെ അവരുടെ രാജകീയ പദവികൾ സുൽത്താൻ എടുത്തുകളഞ്ഞിരുന്നു. 2010ൽ മൂന്നാം ഭാര്യ അസ്രിനാസ് മസ്ഹർ ഹാക്കിമുമായുള്ള വിവാഹമോചനത്തിനുശേഷവും സമാന നടപടി ഉണ്ടായി.

എന്നാൽ ഇത്തവണ പ്രത്യേകത മറ്റൊന്നാണ്. വിവാഹമോചന പ്രഖ്യാപനമില്ലാതെയാണ് രാജകുടുംബത്തിലെ ഒരംഗത്തിന്റെ പദവി നീക്കം ചെയ്തിരിക്കുന്നത്. നടപടി സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img